ഏറെ നാള്‍ നീണ്ടുനിന്ന പിണക്കത്തിനൊടുവില്‍ ശത്രുത മറന്ന് സംവിധായകന്‍ മേജര്‍ രവിയും നടന്‍ ഉണ്ണിമുകുന്ദനും ഒന്നായി. മേജര്‍രവിക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദനെത്തിയത് ഇരുവരും തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെയായിരുന്നു മേജര്‍ രവിയുടെ 60-ാം പിറന്നാള്‍.

ഉണ്ണിമുകുന്ദന്‍ പിറന്നാള്‍ ആഘോഷത്തിന് എത്തിയത് തനിക്ക് സര്‍െ്രെപസ് നല്‍കിയെന്നും വലിയ സന്തോഷം തോന്നിയെന്നും മേജര്‍ രവി ഫേസ്ബുക്കിലൂടെ പറഞ്ഞു. ജീവിതം അങ്ങനെയാണ്, എപ്പോഴും സര്‍െ്രെപസുകള്‍ കാത്തുവെക്കുന്നത്.


മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനരികില്‍ നില്‍ക്കുന്നത് തനിക്ക് വൈകാരികമായാണ് അനുഭവപ്പെട്ടതെന്ന് ഉണ്ണിമുകുന്ദനും പ്രതികരിച്ചു. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ക്ഷണം നിഷേധിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഒരു ദിവസം സംഭവിക്കേണ്ടതുതന്നെയായിരുന്നു ഇത്. ഞങ്ങള്‍ ഇരുവരും ഉള്ളിലുള്ളത് അതേപോലെ പ്രകടിപ്പിക്കുന്ന ആളുകളാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴിതാ ഞങ്ങളുടെ മാനസികമായ സമാനത എല്ലാത്തരം ഊഹാപോഹങ്ങളെയും വേദനയെയും അകലത്തെയുമൊക്കെ മറികടന്നിരിക്കുകയാണെന്നും ഫേസ്ബുക്കില്‍ താരം കുറിച്ചു.

ജോഷിയുടെ സംവിധാനത്തില്‍ 2014-ല്‍ എത്തിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മേജര്‍രവിവും ഉണ്ണിമുകുന്ദനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. അതിനുശേഷം മേജര്‍രവിക്ക് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങളിലെല്ലാം ഇക്കാര്യം സോഷ്യല്‍മീഡിയയിലടക്കം പ്രചരിച്ചിരുന്നു. അന്നും ഇരുവരും ഇതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇങ്ങനെ ഒരു അവസരത്തില്‍ ഇരുവരും ഒന്നിക്കുന്നത്.