Culture

‘ഇനിയെങ്കിലും ഹിന്ദു ഉണരണം’; കലാപ ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി, ശബ്ദരേഖ പുറത്ത്

By chandrika

November 08, 2017

കോഴിക്കോട്: വര്‍ഗീയപരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി വീണ്ടും. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി പറയുന്നു. ആര്‍.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് മേജര്‍ രവിയുടെ കലാപാഹ്വാനം.

താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞ് തുടങ്ങുന്ന സംസാരത്തിലാണ് സംസ്ഥാനത്ത് ഹിന്ദുക്കള്‍ ഉണരണമെന്ന് ആഹ്വാനം ചെയ്യുന്നത്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതുവരെ ഞാനൊറ്റക്കായിരുന്നു. എന്നാല്‍ ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും മേജര്‍ രവി പറയുന്നു. താന്‍ പറയുമ്പോഴൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. ഇനി ഒറ്റപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളക്കുന്നത് കണ്ടില്ല. അത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്നായിരുന്നു എല്ലാവരുടേയും ഭാവം. എന്നാല്‍ എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറയുന്നു.