Culture

‘ആര്‍.എസ്.എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘിയാണ് ഞാന്‍’; പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ സംവിധായകന്‍ രാജസേനന്‍

By chandrika

May 06, 2018

തിരുവവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പുരസ്‌കാരങ്ങള്‍ വേണ്ടന്ന് വച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് രാജസേനന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു രാജസേനന്റെ പ്രതികരണം. ദാസേട്ടനും ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും നമ്മുടെ മാനം കാത്തതില്‍ അവരെ അഭിനന്ദിക്കുന്നുവെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടന്ന് വച്ചത്. ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല. ഇവരെയൊക്കെ വളര്‍ത്തി വിടുന്ന നിരവധി പേരുണ്ട്. സിനിമക്ക് വേണ്ടി പണം മുടക്കുന്ന നിര്‍മ്മാതാക്കളുണ്ട്. കഴിവുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്. ഇവരുടെ സിനിമ കണ്ട് തീയറ്ററില്‍ കയറി കയ്യടിക്കുന്ന പൊതുജനമുണ്ട്. ഇവരെയൊക്കെ കഴുതകളാക്കിയിട്ട് കിട്ടുന്ന പുരസ്‌കാരം വേണ്ടന്ന് വെക്കുന്നത് വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും രാജസേനന്‍ പറഞ്ഞു.

പുരസ്‌കാരം സ്വീകരിക്കാത്തവര്‍ക്ക് അത് നഷ്ടമായെന്ന് കരുതിയാല്‍ മതി. അവര്‍ക്ക് അതിന്റെ നഷ്ടം പിന്നീട് മനസിലാകുമെന്നും രാജസേനന്‍ പറഞ്ഞു. അവാര്‍ഡ് നിരസിച്ചതില്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാമുണ്ട്. അതിനാല്‍ വിമര്‍ശനം ഫഹദിനെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ഫഹദ് തന്റെ ഇഷ്ടനടനാണെന്നും രാജസേനന്‍ തന്റെ പുതിയ വീഡിയോയില്‍ പറഞ്ഞു.

ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും നോക്കുന്ന ആളാണ് താനെങ്കില്‍ താനുമൊരു കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആവണമായിരുന്നു. ഞാന്‍ ഇതു രണ്ടുമല്ല. ഞാനൊരു കറ കളഞ്ഞ ബി.ജെ.പിക്കാരനാണ്. ആര്‍.എസ്.എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘി. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘി. അതുകൊണ്ട് എന്നെ അങ്ങനെ തരംതാഴ്ത്താന്‍ ശ്രമിക്കണ്ടരാജസേനന്‍ പറഞ്ഞു.