കഴിഞ്ഞ 13 ഇന്നിങ്സുകളില്‍ ഗില്‍ വെറും രണ്ടുതവണ മാത്രമാണ് 40 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതുവരെ ഒരു സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ പോലും വന്നിട്ടില്ല. ഓപ്പണറായി അഭിഷേക് ശര്‍മ്മ-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് മികച്ച ഫോമിലായിരിക്കെ ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പിന് മുന്നോടിയായി ടി-20 ടീമില്‍ ഉള്‍പ്പെടുത്തി വൈസ്-ക്യാപ്റ്റന്‍ പദവി നല്‍കുകയും പിന്നാലെ സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണിങ്ങില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായതോടെ വിമര്‍ശനം ശക്തമായി. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ പുറത്താകാതെ നേടിയ 20 റണ്‍സും തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ 47, ഓസ്ട്രേലിയയ്ക്കെതിരെ 46 എന്നിങ്ങനെയാണ് ശ്രദ്ധേയമായ സ്‌കോറുകള്‍.
കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം. അതേസമയം ഓപ്പണിങ്ങില്‍ നിന്ന് നീക്കപ്പെട്ട സഞ്ജു 43 ഇന്നിങ്സുകളില്‍ 995 റണ്‍സും മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനും അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദങ്ങളും ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ ഗില്ലിന്റെ സ്ഥാനത്തിന് നിര്‍ണായകമാകാനാണ് സാധ്യത.