ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പ് അനുവദിച്ചതിൽ മുസ്‌ലിം വിഭാഗത്തിന് കടുത്ത വിവേചനം. മുസ്‌ലിം അപേക്ഷകരിലെ 24 ശതമാനത്തെ മാത്രമാണ് സ്‌കോളർഷിപ്പിന് പരിഗണിച്ചത്. ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി.
സർക്കാർ, എയ്ഡഡ് സ്‌കൂളിൽ ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ അടക്കമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് മാർഗദീപം സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. മുസ്‌ലിം വിഭാഗത്തിലെ 2,31,864 വിദ്യാർഥികളും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 55,264 പേരും ബുദ്ധ മതത്തിൽപ്പെട്ട 4 പേരും ജൈന വിഭാഗത്തിലെ 5 വിദ്യാർഥികളുമായി 2,87,137 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുസ്‌ലിം വിഭാഗത്തിൽ 75,073 വിദ്യാർഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. ശേഷിക്കുന്ന 1,56,791 പേരും പുറത്തായി. ക്രിസ്ത്യൻ വിഭാഗത്തിലെ 46,585 വിദ്യാർഥികൾക്കും ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്ന് ലഭിച്ച ഒമ്പത് അപേക്ഷകർക്കും സ്‌കോളർഷിപ്പ് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം ഫെബ്രുവരിയിലാണ് വ്യാപക പ്രതിഷേധത്തെ തുടർന്ന് സർക്കാർ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.