News

വെറുപ്പുളവാക്കുന്നത്; ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്

By nazmiya nazreen

June 04, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇരുവരം തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍. വെറുപ്പുളവാക്കുന്നതാണ് ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്ലെന്ന് മസ്‌ക് വിമര്‍ശിച്ചു. പ്രാദേശിക നികുതി ഇളവുകള്‍ നല്‍കാനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ള ബില്ലാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം കൊണ്ടു വന്നത്.

ക്ഷമിക്കണം, ഇനിയുമിത് സഹിക്കാനാവില്ല, വെറുപ്പുളവാക്കുന്ന വൃത്തികേടാണിത്. ഇതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുകയാണ്- ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇതിനുപിന്നാലെ, ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലില്‍ മസ്‌ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡന്റിനറിയാമെന്നും പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ മാറ്റംവരുത്താന്‍ പോകുന്നില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ഇത് വലിയൊരു ബില്ലാണ്, മനോഹരമായതും. പ്രസിഡന്റ് അതില്‍ ഉറച്ചുനില്‍ക്കുന്നു-വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.

ട്രംപിന്റെ ഡോജ് വകുപ്പില്‍ നിന്ന് മസ്‌ക് പടിയിറങ്ങിയിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജിന്റെ നേതൃത്വം തന്നെ ഏല്‍പ്പിച്ച ട്രംപിനോട് മസ്‌ക് നന്ദി പറഞ്ഞു. എക്‌സിലൂടെയാണ് യു.എസ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങുന്ന വിവരം ട്രംപ് അറിയിച്ചത്.