തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ.എസ്.ആര്‍.ടി.സിയിലെ 3,861 താല്‍ക്കലിക കണ്ടക്ടര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി വിധിയെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് ഡിപ്പോകളില്‍ ലഭിച്ച നിര്‍ദേശം.

എംപാനല്‍ കണ്ടക്ടര്‍മാരെ മാറ്റിനിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ താളം തെറ്റി. താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും  സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു. മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടതായി കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ഇന്നലെ എറണാകുളം, മലബാര്‍ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായത്. പലയിടത്തും എം പാനല്‍ ജീവനക്കാര്‍ തിങ്കളാഴ്ച ഉച്ചയോടെ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിയതോടെ സര്‍വീസുകള്‍ അവതാളത്തിലായി. തുടര്‍ന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയ സ്ഥിരംജീവനക്കാരെ വിളിച്ചുവരുത്തിയാണ് പല സര്‍വ്വീസുകളും നടത്തിയത്.
അതെ സമയം, വിഷയത്തില്‍ കോടതി തന്നെ പരിഹാരം കണ്ടത്തെട്ടേയെന്ന് കെ.എസ്.ആര്‍.ടി. സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുന്നോടിയായി തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ ജീവനക്കാരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ ഇത് അവധിയായി കാണണം. കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയെ സമീപിക്കും. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും താല്‍പര്യക്കുറവല്ല ഉത്തരവിന് കാരണം. പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ മാനേജ്മെന്റിനെതിരേ തിരിയരുത്. എംപാനലുകാരെ പുറത്താക്കേണ്ടെന്നാണ് ബോര്‍ഡിന്റെയും നയം. ഹൈക്കോടതിയില്‍ എംപാനലുകാര്‍ കേസ് ശരിയായി വാദിച്ചില്ല. കോടതി വിധി നടപ്പാക്കിയേ മതിയാകൂ. എന്നാല്‍, ഇത് അന്തിമ വിധിയല്ല. താല്‍ക്കാലിക നടപടി മാത്രമാണ്. അനുകൂല വിധി സമ്പാദിച്ചാല്‍ എംപാനലുകാരെ ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
എന്നാല്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായുള്ള കോടതി വിധി സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി മാനേജുമെന്റിന്റെയും ഒത്തുകളിയുടെ ഭാഗമാണെന്ന് കോടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സിയില്‍ പണി എടുക്കുന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിത പ്രയാസങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും മാനേജുമെന്റും പൂര്‍ണ്ണമായും പരാജയപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാരെ സംരക്ഷിച്ചു കൊണ്ടു തന്നെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള കണ്ടക്ടര്‍മാര്‍ക്ക് ഘട്ടം ഘട്ടമായി നിയമനം നല്‍കാന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും ഇത്തരത്തിലുള്ള വിധി ഉണ്ടാകുമായിരുന്നില്ല. പത്തിരുപത് വര്‍ഷക്കാലം എംപാനല്‍ ജീവനക്കാരായി ജോലിചെയ്ത കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദി പിണറായി സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ജനങ്ങളെയും കോടതിയെയും വിഡ്ഢികളാക്കരുതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കോടതി താക്കീത് നല്‍കി. എം പാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളതെന്നു വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കോടതിയെ ധിക്കരിക്കുന്നതിനു തുല്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി. എം പാനലുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്. ഇന്നു രാവിലെ തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തിരിക്കുന്നവരെ മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. എം പാനലുകാരെ എന്തടിസ്ഥാനത്തിലാണ് തുടരാന്‍ അനുവദിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. പരീക്ഷയെഴുതി വിജയിച്ചവരെ വെല്ലുവിളിക്കുകയാണ് കോര്‍പ്പറേഷന്‍. കോടതിയുടെ കരങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശക്തമാണെന്ന കാര്യം ഓര്‍ക്കണം. മാധ്യമങ്ങള്‍ ഇവിടെയുണ്ടെന്നും ബോധപൂര്‍വമാണ് കാര്യങ്ങള്‍ പറയുന്നതെന്നും കോടതി വ്യക്തമാക്കി.
ഒരു എം പാനല്‍ ജീവനക്കാരന്‍ പോലും ഇന്നു മുതല്‍ ജോലി ചെയ്യാന്‍ പാടില്ല. നിങ്ങള്‍ സമയം നീട്ടിക്കൊണ്ടുപോകുകയാണ്. ഒരാഴ്ചക്കകം എം പാനലുകാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തുകയാണ്. പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നു കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 14 നു കേസ് വീണ്ടും പരിഗണിച്ചപ്പോഴും കോടതി നിലപാട് തറപ്പിച്ചു വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കാത്ത വിവരം ഹര്‍ജിക്കാര്‍ വീണ്ടും കോടതിയുടെ ശ്രദ്ധിയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം.ഡി നേരിട്ടു ഹാജരാവേണ്ടിവരുമെന്നും കോടതി ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് കോടതി വിലയിരുത്തിയത്. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവിരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നല്‍കാത്തത് ചോദ്യം ചെയ്തു കൊല്ലം സ്വദേശി കിഷോര്‍കുമാറും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.