kerala

വിതരണം അവതാളത്തിൽ: ഇടത് സർക്കാരിന്റെ അനാസ്ഥക്കെതിരെ റേഷൻ കടകൾക്ക് മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

By webdesk13

April 28, 2023

കോഴിക്കോട്: എൽഡിഎഫ് സർക്കാരിൻ്റെ അനാസ്ഥ മൂലം റേഷൻ വിതരണം തകരാറിലായതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. ഏപ്രിൽ 29ന് ശനിയാഴ്ച ആണ് പ്രതിഷേധം തീർക്കുക. സോഫ്റ്റ്വെയർ തകരാറ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് ഇതിന് മുമ്പും വിതരണം മുടങ്ങിയിട്ടുണ്ട്. അന്ന് സർക്കാർ വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്ത മൂലമാണ് ഇത് ആവർത്തിച്ചത്. ലക്ഷകണക്കിന് പേരുടെ അന്നമാണ് സർക്കാരിൻ്റെ അനാസ്ഥ മൂലം മുടങ്ങിയതെന്ന് ഫിറോസ് തുടർന്നു. കച്ചവട ലോബിയെ സഹായിക്കാൻ റേഷൻ വിതരണം മനഃപൂർവം തടസ്സപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടോയെന്ന് ന്യായമായും സംശയം ഉള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധം വൻ വിജയമാക്കാൻ ഫിറോസ് ആഹ്വാനം ചെയ്തു.