kerala

എസ്.ഐ.ആര്‍ അവസാന തിയ്യതിക്ക് മുമ്പെ ജില്ലാ വരണാധികാരിയുടെ കടുംവെട്ട്; നിരവധി പേര്‍ പുറത്ത്

By webdesk18

December 07, 2025

മലപ്പുറം: ജില്ലയില്‍ എസ്.ഐ.ആര്‍ ഫോം ഇതുവരെ പൂരിപ്പിച്ച് നല്‍കാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാന പ്രകാരമാണ് കടുംവെട്ട്.

വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ബുത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റ് എന്നിവരുടെ യോഗം ചേരണമെന്നും മരണപ്പെട്ടവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, എന്നിവരുടെയും ഇതുവരെ ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ പേര് ഫോം നിരസിച്ചവര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഒഴിവാക്കണമെന്നും ശേഷിക്കുന്നവ രാത്രി തന്നെ ഡിജിറ്റ ലൈസ് ചെയ്ത് ബി.എല്‍.ഒ-ബി.എല്‍.എ യോഗത്തിന്റെ മിനുട്ട്‌സ് സഹിതം ശനിയാഴ്ച്ച വില്ലേജ് ഓഫീസിലെത്തിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പെട്ടെന്നുള്ള നിര്‍ദേശം കാരണം ബി.എല്‍.ഒമാര്‍ കഴിഞ്ഞ ദിവസം അധിക സമ്മര്‍ദ്ദത്തിലായിരുന്നു.

ബി.എല്‍.ഒ-ബി.എല്‍.എ യോഗം ചേരാന്‍ മിക്കയിടത്തും സാധിച്ചിട്ടില്ല. ബി.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കിലായതിനാലാണ് യോഗം നടക്കാത്തത്. ബി.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് എഴുതി നല്‍കാന്‍ ബി.എല്‍.ഒമാരോട് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. 18-ാം തിയ്യതി വരെ സമയമുണ്ടായിട്ടും ജില്ലാകലക്ടര്‍ കാണിച്ച ധൃതി കാരണം ഇന്നലെ വില്ലേജ് ഓഫീസില്‍ ഇരുന്ന് നടപടി ചെയ്യേണ്ട സ്ഥിതിയും പല ബി.എല്‍.ഒമാര്‍ക്കുണ്ടായി. തിയ്യതി നീട്ടി നല്‍കിയാല്‍ ജോലി ഭാരം കുറയുമെന്ന പ്രതീക്ഷിച്ച ബി.എല്‍.ഒമാര്‍ക്ക് അപ്രതീക്ഷിതമായ അധികഭാരം നല്‍കിയിരിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍.

നിലവിലെ സാഹചര്യത്തില്‍ ഫോം പൂരിപ്പിച്ച് നല്‍കാത്ത ജില്ലയിലെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താണ്. ഇവര്‍ 18ന് മുമ്പായി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ എന്ത് ചെയ്യുമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ ആര് സമാധാനം പറയുമെന്നും ബി.എല്‍.ഒമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ നിര്‍ദേശമനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കാനും ഫോം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് പറയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടി വേഗത്തിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കലക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞത് എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനും മതിയായ ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് എസ്.ഐ.ആര്‍ നടപടിയെ ബാധിക്കില്ലെന്നുമാണ്. ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.