kerala

ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്

By webdesk14

August 28, 2025

കോഴിക്കോട്: പാര്‍ട്ടി സഹപ്രവര്‍ത്തകനായ രാഹുല്‍ മാങ്കൂട്ടിത്തിനെതിരെ ആരോപണം വന്നു എന്ന പേരില്‍ വടകരയുടെ ജനകീയ എം.പിയായ ഷാഫി പറമ്പിലിനെ വഴിയില്‍ തടയാനും അക്രമിക്കാനുമാണ് സി.പി.എം തീരുമാനമെങ്കില്‍ ഭരണത്തിന്റെ ഹുങ്കില്‍ അക്രമികളെ ചങ്ങല ഊരിവിടുന്ന കോഴിക്കോട് ജില്ലയിലെ ഒരു എം.എല്‍.എയും മന്ത്രിയും റോഡിലിറങ്ങില്ലെന്ന് മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്ററും ജന.സെക്രട്ടറി ടി.ടി ഇസ്്മായിലും മുന്നറിയിപ്പ് നല്‍കി.

ഷാഫി പറമ്പിലിനെ എന്തിന്റെ പേരിലാണ് സി.പി.എം ഗുണ്ടകള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്നത്. സുഹൃത്തായ എം.എല്‍.എക്കെതിരെ ഒരാരോപണം വന്നതില്‍ അദ്ദേഹം എന്ത് പിഴച്ചു. സുഹൃത്തിനെതിരെ ആരോപണം വന്നതിന്റെ പേരില്‍ ഷാഫി പറമ്പിലിനെതിരെ വഴിയില്‍ തടയാനും അക്രമിക്കാനും ശ്രമിക്കുന്നവരുടെ ദുഷ്ടലാക്ക് അന്നം കഴിക്കുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടും. തീകൊളളികൊണ്ട് ചൊറിയുന്ന സി.പി.എമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്്‌ലിംലീഗും യു.ഡി.എഫും സജ്ജമാണ്. ഇനിയും ഷാഫിയെ അകാരണമായി തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ലീഗ് നേതാക്കള്‍ പറഞ്ഞു.