india

വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്‍കി പ്രതിരോധ വകുപ്പ്

By webdesk17

May 12, 2025

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പാക് ചാരന്മാര്‍ വ്യാജ നമ്പറുകളില്‍ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുവേണ്ടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതില്‍ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.

7340921702 എന്ന ഇന്ത്യന്‍ നമ്പറില്‍ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ചതികളില്‍ വീഴരുതെന്നും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സ് (പിഐഒ) നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം അറിയിച്ചു.

അതേസമയം, പാക് സൈന്യം ഭീകരര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംയുക്ത സേന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് വേണ്ടി പാകിസ്താന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ദയനീയമാണെന്നും അതിനാലാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും സേന പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നെന്നും പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.

നിരപരാധികളായ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും ഭാവിയില്‍ ഏതൊരു തിരിച്ചടിക്കും നമ്മുടെ എല്ലാ സേനകളും സര്‍വ്വസജ്ജമാണെന്നും സംയുക്ത സേന അറിയിച്ചു. അതിര്‍ത്തിയിലെ വ്യോമസേനപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്നും ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും സാധ്യമല്ലെന്നും സേന അറിയിച്ചു.