india

എന്റെ കഴുത്ത് വെട്ടിക്കോളു, യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേര് വെട്ടരുത്; ഇലക്ഷന്‍ കമ്മീഷനോട് മമത ബാനര്‍ജി

By webdesk18

November 11, 2025

എന്റെ കഴുത്ത് വെട്ടിയാലും യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേര് വെട്ടരുതെന്ന് ഇലക്ഷന്‍ കമ്മീഷനോട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ട് ബന്ദിയാണെന്നും, യഥാര്‍ത്ഥവോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മമത ബാനര്‍ജി പറഞ്ഞു. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

അന്തിമപട്ടികയില്‍ യഥാര്‍ത്ഥവോട്ടര്‍മാര്‍ക്കെല്ലാം ഇടം കിട്ടിയില്ലെങ്കില്‍ ബിഹാറില്‍ നടപ്പാക്കിയപോലെ ബംഗാളില്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കണ്ട എന്നും ഇലക്ഷന്‍ കമ്മീഷനോട് മമത പറഞ്ഞു.’മുന്‍ തെരഞ്ഞെടുപ്പ് കമീഷ്ണര്‍ ടി.എന്‍.ശേഷന്റെ വാക്കുകളാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഇലക്ഷന്‍ കമീഷന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് സര്‍ക്കാറിന് വേണ്ടിയുള്ളതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴുള്ളവര്‍ യെസ് സാര്‍, യെസ് സാര്‍ എന്ന് പറയുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും’ മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ അനുവദിക്കില്ല. ഇത് പറഞ്ഞതിന് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നെ ജയിലിലേക്ക് അയയ്ക്കുക, ഏജന്‍സികളെ എന്റെ പിന്നാലെ അയയ്ക്കുക, എന്റെ വോട്ടവകാശം ഇല്ലാതാക്കുക, എന്റെ കഴുത്ത് അറുക്കുക. പക്ഷേ, ജനങ്ങളെ പീഡിപ്പിക്കരുത്, അവരുടെ വോട്ടവകാശം ഇല്ലാതാക്കരുത്. നോട്ട് നിരോധനം നോട്ട് ബന്ദിയാണെങ്കില്‍ എസ്‌ഐആര്‍ വോട്ട് ബന്ദിയാണെന്നും കേന്ദ്രസര്‍ക്കാര്‍ എസ്‌ഐആറിന്റെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും മമത പറഞ്ഞു.