തിരക്കേറിയ ജീവിതശൈലിയില്‍ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്നവരാണ് ഇന്ന് കൂടുതല്‍. എന്നാല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെ വരുമ്പോള്‍ ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ തുടങ്ങും. വിട്ടുമാറാത്ത ക്ഷീണം മുതല്‍ ചര്‍മ്മത്തിലും മുടിയിലുമുള്ള മാറ്റങ്ങള്‍ വരെ പലതും വിറ്റാമിന്‍ കുറവിന്റെ സൂചനകളാകാം. മതിയായ ഉറക്കം ലഭിച്ചിട്ടും പകല്‍ സമയങ്ങളില്‍ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ ഡി, ബി12 അല്ലെങ്കില്‍ അയണ്‍ എന്നിവയുടെ കുറവാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാത്തതാണ് ഇതിന് കാരണം. അതുപോലെ തന്നെ കാരണമില്ലാതെ ദേഷ്യം വരിക, മൂഡ് സ്വിങ്‌സ് ഉണ്ടാകുക, വിഷാദാവസ്ഥ അനുഭവപ്പെടുക എന്നിവയും വിറ്റാമിന്‍ ഡിയുടെ അഭാവവുമായി ബന്ധപ്പെട്ടിരിക്കും.
സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന ഈ വിറ്റാമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ചര്‍മ്മം അമിതമായി വരണ്ടുപോകുക, മുടിയുടെ തിളക്കം നഷ്ടപ്പെടുക, മുടി കൊഴിച്ചില്‍ വര്‍ധിക്കുക, അകാല നര ഉണ്ടാകുക എന്നിവയും വിറ്റാമിന്‍ കുറവിന്റെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ കുറവ് ചര്‍മ്മാരോഗ്യത്തെ ബാധിക്കും. കൊളാജന്‍ നിര്‍മ്മാണത്തിന് അത്യാവശ്യമായ വിറ്റാമിന്‍ സി കുറഞ്ഞാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം ദുര്‍ബലമാകും. മുടിയിലെ മാറ്റങ്ങള്‍ വിറ്റാമിന്‍ ബി12ന്റെ കുറവിനെയും സൂചിപ്പിക്കാറുണ്ട്. കഠിനമായ വ്യായാമത്തിന് ശേഷം പേശികള്‍ക്ക് സുഖപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുന്നതും പേശിവേദന തുടര്‍ന്നുനില്‍ക്കുന്നതും വിറ്റാമിന്‍ ഡി, ബി12 എന്നിവയുടെ അഭാവം മൂലമാകാം.
അതേസമയം ചെറിയ മുറിവുകള്‍ പോലും ഉണങ്ങാന്‍ താമസിക്കുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ സിയുടെ കുറവാകാനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപ്പോകുക, വിള്ളലുകള്‍ രൂപപ്പെടുക തുടങ്ങിയവ വിറ്റാമിന്‍ ബി7 (ബയോട്ടിന്‍), അയണ്‍ എന്നിവയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. നഖങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ മാംസം, മുട്ട, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ പെട്ടെന്ന് തണുപ്പോ പനിയോ പിടിപെടുന്നത്, ചെറിയ രോഗങ്ങള്‍ പോലും ആവര്‍ത്തിക്കുന്നത് എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ സൂചനകളാണ്. വിറ്റാമിന്‍ സി, ഡി എന്നിവയുടെ കുറവാണ് പലപ്പോഴും ഇതിന് കാരണം. വായ്പുണ്ണ് പതിവായി ഉണ്ടാകുക, ചുണ്ടിന്റെ വശങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുക എന്നിവയും വിറ്റാമിന്‍ ബി ഗ്രൂപ്പിന്റെയും അയണിന്റെയും കുറവിനെ സൂചിപ്പിക്കുന്നു. ശരിയായ രീതിയില്‍ വെള്ളം കുടിക്കാത്തതും ഈ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാം. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ശരിയായ ഭക്ഷണക്രമത്തിലൂടെ പല പ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഇലക്കറികള്‍, പഴങ്ങള്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, നട്‌സ് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ കുറവ് ഒഴിവാക്കാന്‍ സഹായിക്കും. ദിവസവും കുറച്ചുസമയം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഗുണകരമാണ്. വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാന സ്ഥാനമാണ് മുട്ടയ്ക്ക്. വിറ്റാമിന്‍ ബി12 സമൃദ്ധമായി അടങ്ങിയിരിക്കുന്ന മുട്ട പ്രോട്ടീനുകളുടെ കലവറ കൂടിയാണ്. വിറ്റാമിന്‍ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുട്ടയില്‍ ഉള്ള കോളിന്‍ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും ഗുണകരമാണ്. സള്‍ഫര്‍ സമൃദ്ധമായ ഭക്ഷണമായതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പാല്‍ ഉല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. യോഗര്‍ട്ട്, ചീസ് തുടങ്ങിയവ കഴിക്കുന്നത് ഇതിന്റെ അഭാവം പരിഹരിക്കാന്‍ സഹായിക്കും. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണകരമാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടര്‍ന്നുനില്‍ക്കുകയാണെങ്കില്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രക്തപരിശോധനയിലൂടെ ശരീരത്തില്‍ ഏത് വിറ്റാമിനാണ് കുറവെന്ന് കണ്ടെത്തി കൃത്യമായ ചികിത്സ തേടുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. (ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)