ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ജനകീയ രോഷം കാരണം ഊര്‍ധ ശ്വാസം വലിക്കുന്ന പിണറായി സര്‍ക്കാര്‍ പോണ പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല്‍ വരെ ഊരാനുള്ള തത്രപ്പാടിലാണ്. ഒരേ പ്രവര്‍ത്തിക്ക് പല ഉദ്ഘാടനം, പണി തീരാത്ത കെട്ടിടങ്ങളുടെ കൂട്ട ഉദ്ഘാടനം തുടങ്ങി മുഖ്യനും റീല്‍സ് മന്ത്രിയും കത്രിക മന്ത്രിയും കള്ള് മന്ത്രിയുമടക്കം ഉദ്ഘാടന മഹാമഹവുമായി ഓടി നടക്കുകയാണ്. കിണറിലെ വെള്ളം കലക്കു വെള്ളമാണോ എന്ന് അറിയാന്‍ കിണറ്റിലിറങ്ങിയ കിണറോലുവാണ് ഇപ്പോള്‍ സര്‍ക്കാറിനും സി.പി.എമ്മിനുമായി തിരഞ്ഞെടുപ്പ് തന്ത്രം ആരായുന്നത്. അതിന്റെ ഗുണം കാണാനുമുണ്ട്. നുണക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് എന്തു കൊണ്ടും നേടാന്‍ ഇപ്പോള്‍ സര്‍ക്കാറിന് അര്‍ഹതയായിട്ടുണ്ട്. വയനാട്ടിലേക്ക് തുരങ്കപാതയുടെ പല ആവര്‍ത്തി ഉദ്ഘാടന പ്രഹസനത്തിന്റെ അവസാന പതിപ്പായിരുന്നു കഴിഞ്ഞ ദിവസം. കണ്ടവര്‍ കണ്ടവര്‍ അന്തം വിട്ടു. പാറപൊട്ടിക്കല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി. നേരത്തെ പാറയൊക്കെ തൊഴിലാളികളാണ് പൊട്ടിച്ച് തുടങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതും മുഖ്യന്‍ തന്നെ ഉദ്ഘാടനം ചെയ്യും. റീല്‍സ് മന്ത്രി വീഡിയോ പിടിക്കും കിണറോലും പരസ്യപ്പെടുത്തും. ഇതാണ് ഇപ്പോഴത്തെ രീതി.
ഒരു നിയമസഭാ സീറ്റിനായി എന്ത് തറ പരിപാടിക്കും തയ്യാറായി നടന്നിട്ടും പിണറായിയും സംഘവും കിണറോലുവിന് സീറ്റ് മാത്രം നല്‍കിയിട്ടില്ല ഇതുവരെ. അതിനുള്ള പ്രതികാരമാണോ എന്നറിയില്ല. സര്‍ക്കാറിനെ ടിയാന്‍ കുഴിയില്‍ നിന്നും വന്‍ ഗര്‍ത്തത്തിലേക്ക് എടുത്തെറിഞ്ഞ് ശരിയാക്കുന്നുണ്ട്. ഏതായാലും ഇത്തവണയും മുണ്ടുടുത്ത മോദി തന്നെയാണ് പാര്‍ട്ടിയെ നയിക്കുക. വനിതാ മുഖ്യമന്ത്രിയെന്നൊക്കെ പറഞ്ഞ് കൊമ്പത്ത് കയറ്റി ഇപ്പോള്‍ അവിടെ നിന്നും വീണ്ടും ചാവേറേക്കാനായി മറ്റൊരു സീറ്റിലേക്ക് മുന്‍ ആരോഗ്യ മന്ത്രിയെ വിട്ടിട്ടുണ്ട്. മുന്‍ മന്ത്രി സുധാകരനും പി.കെ ശശിയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പിന്നോട്ടു പോയി. അവരവരുടെ നിലപാടുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസിലെ കുടുംബാധിപത്യമെന്നൊക്കെ മൈക്ക് കെട്ടി ഘോര ഘോരം പ്രസംഗിച്ചവര്‍ ഇപ്പോള്‍ ഞാനും അഫന്‍ തമ്പ്രാനും സുഭദ്രയും എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അധികാര വടം വലിയില്‍ പാര്‍ട്ടി സെക്രട്ടറിക്ക് സീറ്റ് പോയപ്പോള്‍ പകരം വരുന്നത് സ്വന്തം ഭാര്യ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കിയാല്‍ പകരം ഭര്‍ത്താവ്. നല്ല കീഴ് വഴക്കം. കണ്ണൂരില്‍ ജയരാജന്‍മാരുടെ ആധിപത്യം അവസാനിക്കാനും ഇത്തവണ കാരണമാകും. സി.പി.എമ്മില്‍ പിണറായി വിജയന് താഴെ ‘അനിഷേധ്യനായ രണ്ടാമന്‍’ ആകാനുള്ള എം.വി. ഗോവിന്ദന്റെ കരുനീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ അറഞ്ചം പുറഞ്ചം വെട്ടി നിരത്തുന്നുണ്ട്.
മുഖ്യമന്ത്രി മാറിയാല്‍ മരുമകന്‍ മതിയെന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള എല്ലാ മുതിര്‍ന്ന നേതാക്കളെയും സംഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് വെട്ടിനിരത്തുകയാണെന്ന വികാരം പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. എന്തായാലും സ്വന്തമായി നേട്ടമൊന്നുമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ 10 വര്‍ഷം മുമ്പുള്ള സര്‍ക്കാറുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പരസ്യവുമായാണ് ഇറങ്ങുന്നത്. അതായത് നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യയില്‍ ഇത്ര സംസ്ഥാനങ്ങളുണ്ടായില്ലെന്ന് സങ്കികള്‍ പറയുന്ന പോലുള്ള യമണ്ടന്‍ ലോജിക്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ പണമെടുത്താണെന്നതാണ് ഇതിലെ വലിയ പ്രശ്‌നം. അതായത് മോദി വന്നതിന് ശേഷം 2014ലാണ് ഇന്ത്യ ഉണ്ടായതെന്ന് സങ്കികള്‍ പറയുന്ന പോലെ 2016നു ശേഷമാണ് കേരളമുണ്ടായതെന്നാണ് മുണ്ടുടുക്കാത്ത മോദിയുടെ ചിയര്‍സംഘം പ്രചരിപ്പിക്കുന്നത്.
ലോകത്ത് സാങ്കേതിക വിദ്യ എത്ര മാറിയാലും മാറാത്ത ഒന്നേയുള്ളൂ സി.പി.എമ്മുകാരുടെ ബുദ്ധി. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് പാര്‍ട്ടിക്കാര്‍ ചിന്തിക്കുക. ഈയിടെ പത്രങ്ങളിലെല്ലാം കിണറോലുവിന്റെ നേതൃത്വത്തില്‍ വന്ന പരസ്യം കണ്ടവര്‍ ഒന്ന് ഞെട്ടി പട്ടാപ്പകല്‍ ഇത്രയും കൊള്ള നടത്തിയവന്‍മാരൊക്കെ ഹരിഷ് ചന്ദ്രന്‍മാരാവാന്‍ ശ്രമിക്കുന്നു. അല്ലേലും പൊതുവെ കേരളത്തിലൊരു ചൊല്ലുണ്ട് സത്യം ചെരിപ്പിടുമ്പോഴേക്കും സി.പി.എമ്മുകാര്‍ നാടു നീളെ കള്ളം കൊട്ടിപ്പാടുമെന്ന്. കഴിഞ്ഞ 10 വര്‍ഷമായി കക്കുക മുക്കുക നക്കുക എന്നതല്ലാതെ നാലാള്‍ക്ക് തൊഴില്‍ നല്‍കിയ ഏതേലും സംരംഭം പിണറായി തുടങ്ങിയിട്ടുണ്ടോ എന്ന് ആരെലും ചോദിച്ചാല്‍ ആകെ ഉത്തരം നല്‍കാന്‍ പ്രാപ്തിയുള്ളത്. വ്യവസായ മന്ത്രിക്കാണ്. അതാവട്ടെ ഈ ദുനിയാവില്‍ ആരും കാണാത്ത കമ്പനിയൊക്കയാവും. ലോകത്ത് സ്‌കാനിങ് മെഷീന്‍ ഉണ്ടാക്കുന്ന രണ്ട് കമ്പനികളില്‍ ഒന്ന് കേരളത്തിലാണെന്നാണ് മന്ത്രി പറയുന്നത്.
കേരളത്തില്‍ ഉണ്ടാക്കി അമേരിക്കയില്‍ നിന്നും ലേബലൊട്ടിച്ച് അയക്കുകയാണ് പോലും. എവിടെയാണ് ഫാക്ടറി ഏതാണ് കമ്പനി എന്നൊന്നും ചോദിക്കരുത്. എല്ലാത്തിനും ശങ്കരാടിയുടെ രേഖതന്നെയാണ് ബലം. യു.ഡി.എഫ് കാലത്ത് എട്ട് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന അണ്ടി മുക്ക് ശാഖ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി കണക്കുമായാണ് പിണറായി ഇപ്പോഴും ഉരുളുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം വെട്ടിക്കൂട്ടി കൊട്ടയിലിട്ട കണക്ക് പറയാതെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി കണക്കാണ് ഇപ്പോഴും ആധാരം. പിണറായിയും പരിവാരങ്ങളും കേരളത്തില്‍ ആകെ തുടങ്ങാന്‍ ശ്രമിച്ചത് ഒരേ ഒരു സംരഭമാണ്. അതാണ് കെ റെയില്‍. കെ റെയില്‍ വരും കെട്ടോ എന്ന് എല്ലാ യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി വീമ്പിളക്കിയതും അപ്പം വില്‍പനക്കായി നാട്ടാരെ പ്രാപ്തരാക്കിയതും മാത്രമാണ്. മിച്ചം ആകെ കേരളത്തില്‍ കാക്കകള്‍ക്ക് തൂറാന്‍ ഒരു മഞ്ഞക്കുറ്റി മാത്രമാണ് പിണറായി സംഭാവന ചെയ്തത്. ഇനി അതിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമ്പോള്‍ അറിയാം കട്ട് മുടിച്ചത് എത്രയെന്ന്. പി.ആര്‍ കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന ഈ സര്‍ക്കാറിനെ ജനം ചെവിക്ക് പിടിച്ച് തൂക്കി പുറത്തിടാന്‍ എന്തായാലും അധിക നാള്‍ വേണ്ടി വരില്ല.