നൂറിലേറെ ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടും സൈനിക വിമാനത്തിൽ അമേരിക്ക നാടുകടത്തിയത് മനുഷ്യത്വരഹിതമാണെന്ന് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് മോദിയോട് ഈ ചോദ്യമുന്നയിച്ചത്.
കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടും ചരിത്രത്തിലൊരിക്കലും സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടില്ലെന്ന് ജയ്റാം ചൂണ്ടിക്കാട്ടി. ഒരു സുഹൃദ് രാജ്യത്തിൽനിന്നുള്ള ഈ നടപടി മനുഷ്യത്വരഹിതവും ഇന്ത്യക്ക് അസ്വീകാര്യവുമാണെന്ന് പറയാൻ മോദിക്ക് കഴിയുമോ? ഇത്തവണ തന്റെ സുഹൃത്ത് ട്രംപിനെ കെട്ടിപ്പിടിക്കാൻ മുതിരാതെ അരികിൽ നിൽക്കുമോ എന്നും ജയ്റാം പരിഹാസ സ്വരത്തിൽ ചോദിച്ചു.