ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികള്‍ നിര്‍ത്തലാക്കി യു.എസ്. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന യു.എസ് വകുപ്പായ ഡിപാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യുടേതാണ് തീരുമാനം. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി വകയിരുത്തിയ 21 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ളവയാണ് നിര്‍ത്തലാക്കിയത്. ട്രംപിന്റെ രണ്ടാം വരവിലെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇതും.
യു.എസിലെ നികുതിദായകര്‍ നല്‍കുന്ന പണം കൊണ്ട് നടത്തുന്ന വിവിധ പദ്ധതികള്‍ റദ്ദാക്കിയെന്ന് ഡോജ് എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് 486 മില്യണ്‍ ഡോളര്‍ യു.എസ് നല്‍കിയിരുന്നു. ഇതാണ് റദ്ദാക്കിയിട്ടുള്ളത്. ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍, മോള്‍ഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 മില്യണ്‍ ഡോളര്‍ എന്നിവ ഇതിലുള്‍പ്പെടും.
ആകെ 750 മില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് യു.എസ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യയിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള 47 മില്യണ്‍ ഡോളര്‍, മാലിയിലെ സാമൂഹിക ഐക്യത്തിനുള്ള 14 മില്യണ്‍ ഡോളര്‍, നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 19 മില്യണ്‍ ഡോളര്‍, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യണ്‍ ഡോളര്‍ തുടങ്ങിയവ നിര്‍ത്തലാക്കിയ പദ്ധതികളിലുള്‍പ്പെടും. അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യു.എസ് ഫണ്ട് ചെലഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിച്ചിട്ടില്ല.