News

ഫലസ്തീന്‍ അഭയാര്‍ഥികളെ ജോര്‍ദാനും ഈജിപ്തും സ്വീകരിക്കണം; ആവശ്യവുമായി ഡോണള്‍ഡ് ട്രംപ്

By webdesk18

January 26, 2025

ഗസ്സ നിവാസികളെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജോര്‍ദാനും ഈജിപ്തും കൂടുതല്‍ ഫലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് സംസാരിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് അല്‍-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശത്തിനെതിരെ ഫലസ്തീനില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ നിര്‍ദേശം ഫലസ്തീന്‍ സംഘടനകള്‍ മുഴുവന്‍ തള്ളിയിരുന്നു. യുദ്ധ കുറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇസ്ലാമിക് ജിഹാദ് പറഞ്ഞു. ഫലസ്തീന്‍ ജനതയോട് സ്വന്തം മണ്ണ് വിട്ടുപോകാന്‍ പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയെ സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കാനുള്ള പദ്ധതികളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു.