ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്ക് വീണ്ടും ഇസ്രാഈലിന്റെ ഭീഷണി. തടവുകാരുടെ മോചനം ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രാഈല്‍ അധികൃതരുടെ ഫോണ്‍ സന്ദേശം ലഭിച്ചുവെന്ന് ഇവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് അന്താര്ഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഫെബ്രുവരില്‍ തടവുകാരെ മോചിപ്പിച്ചപ്പോഴും ഇസ്രാഈല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആറ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇസ്രാഈല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അഷ്‌റഫ് സഹീറിനെ ജനുവരി 25നായിരുന്നു വിട്ടയച്ചത്. 23ാം വയസ്സില്‍ ജയിലില്‍ പോയ സഹീര്‍ 46ാം വയസ്സിലാണ് മോചിതനായത്. എന്നാല്‍ അന്ന് ഇത് ലംഘിച്ച് അയല്‍വാസികളും കുടുംബാംഗങ്ങളും സഹീറിന്റെ മോചനം ആഘോഷിച്ചു. ഇതിന്റെ പ്രതികാരമായി അദ്ദേഹത്തിന്റെ സഹോദരന്‍ ആമിറിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, തടവുകാരെ തിരികെയെത്തിച്ച ശേഷം ഗസ്സയിലെ ഹമാസ് ടണലുകള്‍ തകര്‍ക്കുന്നതിനാണ് ആദ്യ നീക്കമെന്ന് ഇസ്രാഈല്‍ പ്രതിരോധമന്ത്രി പറഞ്ഞു. സൈന്യത്തെ ഉപയോഗിച്ചും യുഎസിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സംവിധാനം വഴിയും ഗസ്സയിലെ ഹമാസിന്റെ എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.