News

ഐസ്‌ക്രീം പോലും പറയരുത്; പാശ്ചാത്യ വാക്കുകള്‍ നിരോധിച്ച് ഉത്തരകൊറിയ

By webdesk17

September 18, 2025

പ്യോങ്യാങ്: പാശ്ചാത്യ വാക്കുകളുടെ ഉപയോഗം ഉത്തരകൊറിയയില്‍ ഇനി നിരോധന വിധേയമാകുന്നു. പ്രസിഡന്റ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ച പുതിയ നിര്‍ദേശപ്രകാരം, ഐസ്‌ക്രീം, ഹാംബര്‍ഗര്‍, കരോക്കെ തുടങ്ങിയ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

കിം ജോങ് ഉന്‍ പാശ്ചാത്യ വാക്കുകളുടെ അമിത ഉപയോഗം രാജ്യത്തെ സാംസ്‌കാരിക അധഃപതനത്തിലേക്ക് നയിക്കുന്നുവെന്ന് വാദിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന വിദേശ പദങ്ങള്‍ ഉത്തരകൊറിയന്‍ പദാവലിയില്‍ മാറ്റി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഹാംബര്‍ഗര്‍ പദത്തിന് പകരം ഡാജിന്‍ഗോഗി ഗ്യോപ്പാങ്, ഐസ്‌ക്രീം പദത്തിന് പകരം എസ്യുക്കിമോ, കരോക്കെ മെഷീനുകള്‍ക്ക് പകരം ഓണ്‍സ്‌ക്രീന്‍ അകമ്പടി യന്ത്രങ്ങള്‍ എന്ന് പറയണം.

പുതിയ റിസോര്‍ട്ടുകളില്‍ ജോലി ചെയ്യുന്ന ടൂര്‍ ഗൈഡുകള്‍ സന്ദര്‍ശകരുമായി ഇടപഴകുമ്പോള്‍ വിദേശ പദങ്ങള്‍ ഒഴിവാക്കി ഉത്തരകൊറിയന്‍ പദാവലി ഉപയോഗിക്കണം എന്ന് പരിശീലിപ്പിക്കുന്നതും സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് മുമ്പും ഉത്തരകൊറിയ വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2015 മുതല്‍ വിദേശ പദാവലിയും ജനജീവിതത്തില്‍ ഉപയോഗിക്കുന്നത് കുറ്റകരമാക്കി, ഉത്തരകൊറിയന്‍ പ്രചാരണമൂല്യങ്ങളോടു പൊരുത്തപ്പെടാത്ത പദങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.