kerala

‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം

By webdesk17

July 06, 2025

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ആശങ്ക കുറക്കണം. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. രണ്ട് മാസത്തോളമുള്ള ശ്രമത്തിലാണ് കടുവയെ പിടികൂടാനായത്.

അതേസമയം, ഇപ്പോള്‍ കൂട്ടിലായ കടുവ ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.