സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.
മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന് പിണറായി വിജയന് എം വി ഗോവിന്ദന് താക്കീത് നല്കി.
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പിണറായി വിജയന് പരോക്ഷ വിമര്‍ശനം നടത്തിയത്.
അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന് പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപി വോട്ട് കിട്ടാന്‍ പഴയ കാലത്തെ കുറിച്ചുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലാണ് ഗോവിന്ദന് നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
ബിജെപി-സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെട്ടു എന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചു. അടിയന്തരാവസ്ഥ കാലത്തെ കാര്യമൊക്കെ ഇപ്പോള്‍ പറയുന്നത് ബിജെപി വോട്ട് കൂടി സ്വരാജിന് കിട്ടാനുള്ള കള്ളക്കളി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഗോവിന്ദന്റെ പരാമര്‍ശം സിപിഎമ്മിന്റെ ചരിത്ര രേഖയില്‍ ഉള്ളതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തും പറഞ്ഞു.