Film

‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്

By Akhila

February 04, 2026

വാരണാസിയിലെ കുംഭയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബാഹുബലിയും ആര്‍ ആര്‍ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് വാരണാസി. കുംഭ എന്ന പ്രതിനായക കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും വാരണാസിയിലുണ്ട്.

‘വീല്‍ ചെയറിലിരിക്കുന്ന വില്ലന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നാണ് മിക്കവരും വിചാരിക്കുന്നത്. എന്നാല്‍ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകള്‍ നമ്മള്‍ വിചാരിക്കുന്നതിനും മുകളിലാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. വീല്‍ ചെയര്‍ അയാളുടെ പ്രോപ്പര്‍ട്ടിയില്‍ ഒന്നു മാത്രമാണ്. അതിലിരുന്ന് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. പോസ്റ്ററില്‍ കണ്ടതിനപ്പുറം ആ കഥാപാത്രത്തിന് ചെയ്യാനാകും. വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭ. പലതും നിങ്ങളെ ഞെട്ടിക്കും എന്നു മാത്രമേ ഇപ്പോള്‍ പറയാനാകു. വീല്‍ ചെയര്‍ സീനുകളൊക്കെ യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതാണ്. സിഐജി ഉപയോഗിച്ചിട്ടില്ല. പൃഥ്വിരാജിന്റെ വാക്കുകള്‍

2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നത് വന്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഇവെന്റില്‍ 130×100 ഫീറ്റില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിച്ചത് .

സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനില്‍ അവസാനം എത്തിയപ്പോള്‍ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എന്‍ട്രി ചെയ്തപ്പോള്‍ അറുപത്തിനായിരത്തില്‍പ്പരം കാഴ്ചക്കാര്‍ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹര്‍ഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.