News

‘അനുമതി കിട്ടാന്‍ കാത്തു നില്‍ക്കേണ്ട അടിച്ചോളു’; ട്രപിന്റെ ഭീഷണിക്കിടെ സൈന്യത്തിന് നിര്‍ണായക നിര്‍ദേശവുമായി ഡെന്‍മാര്‍ക്ക് ഭരണക്കൂടം

By webdesk18

January 12, 2026

കോപ്പന്‍ഹേഗന്‍: സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെ ഡെന്‍മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഗ്രീന്‍ലാന്‍ഡിന് നേരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്താന്‍ ഡാനിഷ് സൈന്യം കര്‍ശനമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്‍കി. 1952-ലെ ‘റോയല്‍ ഡിക്രീ’ സൈനിക ഉത്തരവ് നിലവില്‍ വന്നതോടെയാണിത്. വിദേശ സൈന്യം ഗ്രീന്‍ലാന്‍ഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള പ്രത്യേക ഉത്തരവിനായി കാത്തുനില്‍ക്കാതെ തന്നെ വെടിയുതിര്‍ക്കാനും പ്രതിരോധിക്കാനും സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ്. നാറ്റോ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നാണ് ഭീഷണിയെങ്കില്‍ പോലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഡെന്‍മാര്‍ക്കിന്റെ നിലപാട്.

ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളും കണക്കിലെടുത്ത് ഈ പ്രദേശം അമേരിക്കയുടെ നിയന്ത്രണത്തിലാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ചൈനയുടെയും റഷ്യയുടെയും ആര്‍ട്ടിക് മേഖലയിലെ സ്വാധീനം കുറയ്ക്കാന്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും സൈനിക നീക്കം ഒരു സാധ്യതയായി അമേരിക്ക തള്ളിക്കളഞ്ഞിട്ടില്ല.

‘എന്തുവന്നാലും ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കും. അമേരിക്കയുടെ ഈ നീക്കം നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും യൂറോപ്പില്‍ വലിയ യുദ്ധത്തിനും വഴിതെളിക്കും.’ – റാസ്മസ് ജാര്‍ലോവ് (ഡെന്‍മാര്‍ക്ക് പ്രതിരോധ സമിതി അധ്യക്ഷന്‍) പറഞ്ഞു. ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഡെന്‍മാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കുമെന്നാണ് യൂറോപ്യന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവന. നാറ്റോ സഖ്യം പ്രതിസന്ധിയില്‍ ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ ആക്രമിക്കുന്നത് സഖ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ സാഹചര്യമാണ്. ഗ്രീന്‍ലാന്‍ഡിന് നേരെയുള്ള ആക്രമണം നാറ്റോയുടെ ‘ആര്‍ട്ടിക്കിള്‍ 5’ പ്രകാരമുള്ള സംയുക്ത പ്രതിരോധ സംവിധാനത്തെ തന്നെ അപ്രസക്തമാക്കും.