Film

രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം

By webdesk18

December 07, 2025

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്‌റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

ക്ലാസിക് മാസ് എന്റര്‍ടെയ്നര്‍ വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്‍, രമ്യ കൃഷ്ണന്‍, സൗന്ദര്യ, രാധ രവി, മണിവണ്ണന്‍, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.

രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം. തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.