ഗൊരഖ്പൂര്‍: തന്റെ സഹോദരന് വെടിയേറ്റത് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിക്കുന്ന വേദിയുടെ ഏതാനും മീറ്ററുകള്‍ക്ക് അടുത്തായിട്ടുപോലും പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഡോ.കഫീല്‍ ഖാന്‍. തന്റെ സഹോദരനാണെന്ന ഒറ്റക്കാരണം കൊണ്ടാണ് കാശിഫ് ജമീലിന് വെടിയേറ്റത്. യോഗി ആദിത്യനാഥ് ഉണ്ടായിരുന്ന ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് 500 മീറ്റര്‍ മാത്രം അകലെനിന്നാണ് കാശിഫിന് വെടിയേറ്റത്. ഇത്രയും വലിയൊരു അക്രമണമുണ്ടായിട്ടും പൊലീസ് ഒന്നും ചെയ്തില്ല. ഇതാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ഒരു പൊലീസുകാരന്‍ പോലും കാശിഫിനെ സഹായിക്കാനെത്തിയില്ല. ഒരു ഓട്ടോറിക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു . ഒരു വെടിയുണ്ട കഴുത്തില്‍ തട്ടിപ്പോയി. മറ്റൊന്ന് ഇടത് ചുമലിനും പരിക്കേല്‍പ്പിച്ചു. മൂന്നാമത്തേത് ദേഹത്ത് കയറി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ശസ്ത്രക്രിയ നടത്തി ഈ വെടിയുണ്ട നീക്കി. അപ്പോഴൊന്നും പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. അതേസമയം വെടിവെപ്പ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കോട്‌വാലി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെയാണ് കാശിഫിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചത്. കൈക്കും കഴുത്തിനും താടിയെല്ലിനും പരിക്കേറ്റ കാശിഫിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.