കൊല്ലം: കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് വധക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. മൂന്ന് വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കും വിചാരണയ്ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ഏക പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും.
2023 മെയ് 10-ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ്, ഡ്രസിങ് റൂമില്‍ വെച്ച് അക്രമാസക്തനാകുകയും അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 24 ദൃക്സാക്ഷികള്‍ ഉള്‍പ്പെടുന്നു. 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നെന്നാണ് പ്രതിയുടെ പ്രധാന വാദം. എന്നാല്‍, വൈദ്യപരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും കുറ്റകൃത്യം നടത്തുമ്പോള്‍ അയാള്‍ ബോധവാനായിരുന്നുവെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.