Sports

ദ്രാവിഡ് പിന്മാറി; സഞ്ജുവിന്റെ ഭാവി ആശങ്കയില്‍ രാജസ്ഥാന്‍ റോയല്‍സ്

By webdesk17

August 30, 2025

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറി. സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് വിട്ടുമാറാമെന്ന വാര്‍ത്തകള്‍ക്കിടെ വന്ന നീക്കമാണ് ഇത്. കഴിഞ്ഞ സീസണില്‍ വെറും നാലു വിജയങ്ങളാണ് ദ്രാവിഡിന്റെ കീഴില്‍ രാജസ്ഥാന്‍ നേടിയത്. പരിശീലകന്‍ സ്ഥാനമൊഴിഞ്ഞതായി ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു.

ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിച്ച ശേഷം 2024 സെപ്റ്റംബര്‍ ആറിനാണ് ദ്രാവിഡ് വീണ്ടും രാജസ്ഥാനില്‍ പരിശീലകനായി എത്തിയത്. ഫ്രാഞ്ചൈസിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നല്‍കിയ ഉയര്‍ന്ന ചുമതലകള്‍ അദ്ദേഹം നിരസിച്ചിരുന്നു. ഇതോടെ 2026 സീസണില്‍ പുതിയ പരിശീലകന്റെ കീഴിലാകും രാജസ്ഥാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ആറു വിജയങ്ങള്‍ മാത്രം നേടി ടീം ഒന്‍പതാം സ്ഥാനത്തായിരുന്നു. നെറ്റ് റണ്‍റേറ്റ് സഹായിച്ചാണ് അവസാന സ്ഥാനത്തേക്ക് വീഴാതെ രക്ഷപ്പെട്ടത്.

2011-ല്‍ കളിക്കാരനായി രാജസ്ഥാനില്‍ എത്തിയ ദ്രാവിഡ് 46 മത്സരങ്ങള്‍ ടീമിനായി കളിച്ചിട്ടുണ്ട്. 2013-ല്‍ വിരമിച്ച ശേഷം 2014, 2015 സീസണുകളില്‍ പരിശീലകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

അതേസമയം, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാകാമെന്നാണ് സൂചന. കഴിഞ്ഞ സീസണിലെ പരാജയങ്ങള്‍ക്ക് പിന്നാലെ മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് സഞ്ജുവിനെ മാറ്റം ചിന്തിക്കാനിടയാക്കിയതെന്നാണ് വിവരം.

ക്യാപ്റ്റനായിരുന്നിട്ടും സ്വന്തം ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. ഓപ്പണറായി ഇറങ്ങാന്‍ സഞ്ജുവിന് ആഗ്രഹമുണ്ടെങ്കിലും, യശസ്വി ജയ്സ്വാല്‍വൈഭവ് സൂര്യവംശി കൂട്ടുകെട്ട് കഴിഞ്ഞ സീസണില്‍ ഓപ്പണിംഗില്‍ മിന്നിപ്പിച്ചത് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി. ഇതോടെ സഞ്ജുവിന്റെ ഭാവി തീരുമാനവും പുതിയ പരിശീലകന്റെ വരവും രാജസ്ഥാന്റെ അടുത്ത സീസണിനെ നിര്‍ണ്ണയിക്കുമെന്ന് കരുതുന്നു.