മാഡ്രിഡ്: കളിക്കാരനായുള്ള കരിയര്‍ ബാര്‍സലോണയില്‍ വെച്ച് അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് മിഡ്ഫീല്‍ഡര്‍ ഇനിയസ്റ്റ. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കളത്തില്‍ തുടരാനാണ് താല്‍പര്യമെന്നും ബാര്‍സലോണയില്‍ തുടരുന്ന കാര്യം നിരവധി കാര്യങ്ങള്‍ പരിഗണിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ബാര്‍സ ക്യാപ്ടന്‍ പറഞ്ഞു. 2018 ജൂണിലാണ് ഇനിയസ്റ്റയുടെ നിലവിലെ കരാര്‍ അവസാനിക്കുന്നത്.

‘കരിയറിന്റെ ഈ ഘട്ടത്തില്‍ ഞാന്‍ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ പോവുകയാണ്. എന്നോടുതന്നെയും ക്ലബ്ബിനോടും സത്യസന്ധത പുലര്‍ത്താനാണ് എനിക്കിഷ്ടം. നിലവില്‍, കുറച്ചു വര്‍ഷങ്ങള്‍ കൂടി മികച്ച നിലയില്‍ കളിക്കാനുള്ള കരുത്തും താല്‍പര്യവും മികവും എനിക്കുണ്ട്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല.

‘പക്ഷേ അതേസമയം തന്നെ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടി വരുമെന്ന് തോന്നുന്നു. സീസണ്‍ എങ്ങനെ പോകുന്നു, ക്ലബ്ബ് എന്ത് ഓഫര്‍ ചെയ്യുന്നു, ഞാനതിനെ എങ്ങനെ കാണുന്നു, അവര്‍ എങ്ങനെ കാണുന്നു എന്നതിനെ ഒക്കെ അനുസരിച്ചായിരിക്കും ഞാന്‍ തീരുമാനമെടുക്കുക. അടുത്ത ഏതാനും മാസങ്ങളില്‍ ഞങ്ങള്‍ എന്തു തീരുമാനമാണെടുക്കുക എന്ന് എനിക്കറിയില്ല.

‘നിലവില്‍ എനിക്ക് കരാര്‍ ഉണ്ട്. അടുത്ത സീസണിലും ഞങ്ങള്‍ നന്നായി കളിക്കുമെന്ന് എനിക്കുറപ്പുണ്ട്. ബാര്‍സലോണയില്‍ റിട്ടയര്‍ ചെയ്യുക എന്നതായിരുന്നു എന്നും എന്റെ ആഗ്രഹം. അതിലൊരു മാറ്റവുമില്ല. 12-ാം വയസ്സില്‍ ഇവിടെ എത്തിയതിനു ശേഷമുള്ള ആഗ്രഹമാണത്. അതേസമയം, അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സാധ്യതകളുമുണ്ട്…’ 33-കാരന്‍ പറഞ്ഞു.