kerala

കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ മദ്യപാനം: ആറു പൊലീസുകാർ സസ്പെൻഡ്

By sreenitha

January 27, 2026

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. സസ്പെൻഡ് ചെയ്ത പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ടമദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരടക്കമുള്ള ആറുപേരെയാണ് സസ്പെൻഡ് ചെയ്തത്. എല്ലാവരും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒമാരാണ്.

വിവാഹ സൽക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് മദ്യപാനമെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. എന്നാൽ വാഹനമോടിച്ചിരുന്ന സിപിഒ അടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് നടപടി.