മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’യെ കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു. ‘ദൃശ്യം 3’ കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെച്ച് തിയറ്ററിലെത്തരുതെന്ന് ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം ഒന്നും രണ്ടും വലിയ വിജയമായതിനാൽ മൂന്നാം ഭാഗത്തോട് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും, അത് തന്റെ മേൽ സമ്മർദം സൃഷ്ടിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി. “ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാൻ വരണം. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ‘ദൃശ്യം 3’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളിലൊന്നും തന്റെ തിരക്കഥയല്ലെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു.
2013ലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. തുടർന്ന് ചിത്രം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ വൻഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇരു ഭാഷകളിലും ഒരേസമയം ആരംഭിച്ചിരുന്നു.
ചിത്രം ഏത് ഭാഷയിൽ ആദ്യം റിലീസ് ചെയ്യും എന്ന ആശങ്കയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി, മലയാളത്തിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുകയുള്ളൂവെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം, റെക്കോർഡ് ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം എല്ലാ ഭാഷകളിലും അസാമാന്യമായ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ്. ‘ദൃശ്യം 3’ ഈ വിജയപാരമ്പര്യം തുടരാനാകുമോ എന്നതാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്.