Health

ഉച്ചഭക്ഷണത്തിന് ശേഷം മയക്കം? അലസതയല്ല, ശരീരത്തിലെ ‘ദഹന അലാറമാണ്’ കാരണം

By sreenitha

January 12, 2026

ഉച്ചയ്ക്ക് നല്ലൊരു ഊണു കഴിച്ച ശേഷം കണ്ണുകൾ അടഞ്ഞുവരുന്നതും ചിന്ത മന്ദഗതിയിലാകുന്നതും പലരും സ്വന്തം അലസതയെന്ന് കരുതാറുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്, ഇത് സ്വഭാവദൗർബല്യമല്ല; ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.

കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ ശ്രദ്ധ ദഹനപ്രക്രിയയിലേക്കു മാറും. ഈ ഘട്ടത്തിൽ ദഹനത്തിനാവശ്യമായ രക്തയോട്ടം കുടലിലേക്കു വർധിക്കുകയും, തലച്ചോറിലേക്കുള്ള രക്തവും ഓക്‌സിജനും ഗ്ലൂക്കോസും കുറയുകയും ചെയ്യുന്നു. ഇതാണ് ഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിനും ചിന്താശേഷിയിലെ താൽക്കാലിക മന്ദതയ്ക്കും കാരണം.

പലവിധ ഭക്ഷണങ്ങൾ അടങ്ങിയ ഊണായാൽ ദഹനപ്രക്രിയ കൂടുതൽ സജീവമാകുകയും ശരീരത്തിന് അധിക ഓക്‌സിജൻ ആവശ്യമായി വരികയും ചെയ്യും. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചാലും, പമ്പ് ചെയ്യുന്ന രക്തത്തിന്റെ വലിയൊരു ഭാഗം ദഹന പ്രവർത്തനങ്ങൾക്കായി കുടലിലേക്കു തിരിയുന്നതോടെ തലച്ചോറിന്റെ പ്രവർത്തനം കുറച്ചുനേരത്തേക്ക് മന്ദഗതിയിലാകും.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയരുകയും ഇൻസുലിൻ സ്രവണം വർധിക്കുകയും ചെയ്യുന്നു. ഇതോടെ രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യപ്പെടുമ്പോൾ ചിലരിൽ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ബാധിക്കപ്പെടുകയും ഉറക്കക്ഷീണം ഉണ്ടാകുകയും ചെയ്യും.

അതേസമയം, പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയ സമതുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും, ഉച്ചഭക്ഷണത്തിന് ശേഷം ചെറിയ നടപ്പ് പോലുള്ള ലഘു ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഈ മയക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.