kerala

അങ്കമാലിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

By webdesk14

October 18, 2024

അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന മയക്കു മരുന്ന് കടത്തുന്നതിനിടെ അങ്കമാലിയിൽ യുവതിയുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരാണ് 200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമായി റൂറൽ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പൊലീസിന്റെയും പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറൊ വാഹനം ടിബി ജങ്ഷനിൽ പൊലീസ് സാഹസികമായി തടഞ്ഞുനിർത്തുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർസീറ്റിന് പുറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

ബംഗളൂരുവിൽ നിന്നാണ് ലഹരി പദാർഥങ്ങൾ കൊണ്ടുവന്നതെന്നും, എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസിയെന്നും പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീമും ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്‌നേഷ്യസ് ജോസഫ്, പി.വി.ജയശ്രീ, സീനിയർ സി.പി. ഒ മാരായ ടി.ആർ രാജീവ്, അജിത തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.