kerala

കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ നടന്ന ലഹരിവേട്ട ഭീതിപ്പെടുത്തുന്നത്: പി.കെ നവാസ്‌

By webdesk13

March 14, 2025

കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ നടന്ന ലഹരി വേട്ടഭീതിപ്പെടുത്തുന്ന ഒന്നാണെന്ന്‌ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഇതില്‍ സംഘടന ഏതെന്നോ, മതമേതെന്നോ എന്നൊന്നും ആരും ചര്‍ച്ച ചെയ്യാറുമില്ല, പോലീസിന് അത് ബാധകവുമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ ഇവിടെ നടന്ന വിചിത്ര നടപടികളില്‍ സംരക്ഷണം ഒരുക്കി പ്രതികരിച്ച എസ്എഫ്‌ഐ ഇനി ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് എസ്എഫ്‌ഐ ബന്ധമില്ല എന്നാണ് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍അവരുടെ റൂമില്‍ നിന്നും പിടിച്ച ലഹരിക്ക് ഉടമയാരാണ്?

പിണറായിയുടെ പോലീസ് ലഹരിയുമായി വന്ന് പിടിച്ചെടുത്തതാണെന്നാണോ എസ്എഫ്‌ഐ പറയുന്നത് ?

എസ്എഫ്‌ഐ കോണ്‍സണ്‍ഡ്രേഷന്‍ ക്യാമ്പ് പോലെ കൈകാര്യം ചെയ്യുന്ന ഈ ഹോസ്റ്റലില്‍ യൂണിയന്‍, യൂണിറ്റ് ഭാരവാഹികള്‍ അറിയാതെ ത്രാസില്‍ തൂക്കി പാക്കറ്റാക്കി വില്‍പനക്ക് വെക്കുന്നത് എസ്എഫ്‌ഐ അറിയില്ലെന്നാണോ കേരളം വിശ്വസിക്കേണ്ടത് !

ലഹരിക്കേസായാലും എസ്എഫ്‌ഐ നേതാക്കള്‍ പിടിക്കപ്പെട്ടു എന്നത് കൊണ്ട് സംരക്ഷം നല്‍കും എന്നാണോ പാര്‍ട്ടിയുടെ തീരുമാനം?

എസ്എഫ്‌ഐ ആയാല്‍ കേസില്‍ ലഹരിക്കേസില്‍ പ്രിവിലേജ് കിട്ടുമെന്നാണോ ഇതിന്റെ സന്ദേശം ?

സിപിഎം ഇടപെട്ടതിനാല്‍ സ്‌റ്റേഷനില്‍ നിന്ന് ഒരു എസ്എഫ്‌ഐ നേതാവിനെ മാത്രം പ്രതിയാക്കി ബാക്കിയുള്ള കൂട്ടു പ്രതികള്‍ക്ക് മുതിര്‍ന്ന നേതാവെന്ന പേരില്‍ ജാമ്യം നല്‍കി വിട്ടയച്ച നടപടിയില്‍ പോലീസ് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പി.കെ നവാസ് ചോദിച്ചു.

ഒരു സാമൂഹ്യ വിപത്തിനെതിരെ കേരളം ഒരിമിച്ച് പൊരുതുമ്പോള്‍ എസ്എഫ്‌ഐ, സിപിഎം പൊലീസിന്റെ ഈ നടപടി കേരളത്തെ തകര്‍ക്കുന്ന ഒന്നാണ്. പോലീസിനെ നിഷ്‌ക്രിയമാക്കാന്‍ സിപിഎം എസ്എഫ്‌ഐ ശ്രമമെന്നും ലഹരി വേട്ടയില്‍ സംരക്ഷണം ഒരുക്കുന്ന സര്‍ക്കാറിനെതിരെ പോലീസ് സ്‌റ്റേഷനിലേക്ക് നാളെ നൈറ്റ് മാര്‍ച്ച് നടത്തുമെന്നും പി.കെ നവാസ് വ്യക്തമാക്കി.