വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക.
അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ച മദൂറോയെ ഇന്നലെ വൈകിട്ടാണു ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചത്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.
ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകള്‍ മാത്രമെ വെനസ്വേലയില്‍ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നു ചേര്‍ന്നേക്കും.