ആലപ്പുഴ: ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി സ്വദേശിയായ ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം സ്വദേശിയായ പി.എസ്. അപ്പു (29), തൃശ്ശൂര്‍ തലോര്‍ സ്വദേശിയായ കെ.എസ്. അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ?63,500 പണവും പിടിച്ചെടുത്തു.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, തിങ്കളാഴ്ച വൈകിട്ട് നാലോടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ജില്ലയില്‍ ഗുളിക രൂപത്തിലുള്ള എംഡിഎംഎ ആദ്യമായാണ് പിടികൂടുന്നത്, കൂടാതെ ഇത്രയും അളവില്‍ ലഹരി ഒരുമിച്ച് കണ്ടെത്തുന്നത് ആദ്യമാണെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക് കുമാര്‍ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളായിരുന്നു പ്രതികള്‍. മൊബൈല്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ആധുനിക സംവിധാനങ്ങളും ഫിലിപ്പീന്‍സ് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകളുമാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
ആലപ്പുഴ എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഷിബു പി. ബെഞ്ചമിന്‍, സി.വി. വേണു, ഇ.കെ. അനില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.