kerala

ലഹരിക്കേസ്; കുംഭമേള സന്യാസിമാരുടെ കൈയിലുള്ള അത്രയും കഞ്ചാവൊന്നും അവന്റെ കൈയ്യിലില്ല ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രംഗത്ത്

By nazmiya nazreen

March 10, 2025

ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ നിന്ന് പിടിയിലായ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രോഹിത് വി.എസ്. കഞ്ചാവ് വലിക്കുമെങ്കിലും താന്‍ കണ്ടതില്‍ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്നാണ് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടുനടക്കുന്ന കഞ്ചാവിന്റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യില്‍ ഇല്ലായിരുന്നെന്നും രോഹിത് കുറിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

‘അതെ, അവന്‍ വലിക്കാറുണ്ട് പക്ഷെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ഒരാളാണ് അവന്‍. കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല. ഒരു മയത്തിലൊക്കെ…’-രോഹിത് കുറിച്ചു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, കള, ഇബ്ലിസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥനെ എക്സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.