kerala

പരാജയ ഭീതി മൂലം സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ഇലക്ഷന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പാലക്കാട് ഇന്നലെ രാത്രി നടന്നത് ബിജെപിയും സിപിഎമ്മും ഒരുമിച്ച് നടത്തിയ നാടകം; പി കെ കുഞ്ഞാലിക്കുട്ടി

By webdesk17

November 06, 2024

പാലക്കാട് സംഭവിച്ചത് രാഷ്ട്രീയ കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പരാജയപ്പെടുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതമായ വളരെ വിലകുറഞ്ഞ ഒരു അഭ്യാസമായിപ്പോയി കഴിഞ്ഞ ദിവസം പാലക്കാട് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

നടപടി ക്രമങ്ങള്‍ പാലിക്കാതെ രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ ഓടിച്ചെന്നു ഒരു പരിശോധനാ നാടകം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ജനറല്‍ പരിശോധനയാണെന്ന് പോലീസും ഇന്‍ഫര്‍മേഷന്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണെന്ന് ഇടത് പക്ഷവും അവരുടെ സ്ഥാനാര്‍ത്ഥിയും ബിജെപിയും ഒരേ സ്വരത്തില്‍ പറയുന്നു. കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും ഇത് ഇടത് പക്ഷവും ബിജെപിയും പോലീസും എല്ലാം കൂടി ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയൊരു നാടകമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തോല്‍ക്കുമെന്ന അറിവ് തന്നെയാണ് അതിന്റെ കാരണമെന്നും പരാജയ ഭീതി മണത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ വിലകുറഞ്ഞ നീക്കം വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.