യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ ബാഹുബലി 2 വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റാണാ ദഗുപതിയെത്തുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞിനെകാണാന്‍ എത്തുന്നുവെന്ന സന്തോഷം റാണ പങ്കുവെച്ചത്.

ദുബായിലെ ക്ലബ്ബ് എഫ്.എം പരിപാടിയില്‍ തന്റെ ഇഷ്ടനടന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് റാണ പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നുമായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. അതിന് പിറകെയാണ് ദുല്‍ഖറിന്റേയും അമാലിന്റേയും കുഞ്ഞിനെ കാണാന്‍ റാണ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ‘എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’-റാണ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയാണ് ദുല്‍ഖറിന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണെന്നായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. തന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചുവെന്നും രാജകുമാരിയെ ലഭിച്ചുവെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ബേബി ഓഫ് അമാലെന്ന പേരിലുള്ള ആസ്പത്രി കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. എന്നാല്‍ കുഞ്ഞിന്റെ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ ആരാധകര്‍ തയ്യാറാകണമെന്നായിരുന്നു ദുല്‍ഖറിന്റെ അപേക്ഷ.

2011-ല്‍ വിവാഹിതരായ ദുല്‍ഖര്‍-അമാലു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞാണ്. ചെന്നൈ സ്വദേശിനിയായ അമാല്‍ ആര്‍കിടെക്റ്റാണ്.