india

‘നോട്ടുനിരോധന കാലത്തും കോവിഡ് കാലത്തും രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി. ഇപ്പോള്‍ എല്‍പിജിക്കും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു’

By webdesk17

March 11, 2026

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുകയും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യ എപ്പോള്‍, എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇപ്പോള്‍ അമേരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2016-ലെ നോട്ടുനിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്ന സാഹചര്യവുമായി കോണ്‍ഗ്രസ് താരതമ്യം ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ വിമര്‍ശിച്ചു. ‘ആദ്യം നോട്ടുനിരോധനം രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി, പിന്നീട് കോവിഡ് കാലത്തും ക്യൂവായി. ഇപ്പോള്‍ എല്‍പിജിക്ക് വേണ്ടിയും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു,’ അവര്‍ പറഞ്ഞു.

‘എപ്സ്റ്റീന്‍ ഫയലുകള്‍’ കാണിച്ച് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അതിനാല്‍ അദ്ദേഹം പൂര്‍ണ്ണമായും കീഴടങ്ങിയെന്നും അല്‍ക്ക ലാംബ ആരോപിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങള്‍ വാഷിംഗ്ടണ്‍ നിയന്ത്രിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്ന് പരിമിതമായ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക ‘താല്‍ക്കാലികമായി അനുവദിച്ചു’ എന്ന വൈറ്റ് ഹൗസ് പ്രസ് സ്രെക്രട്ടറിയുടെ പ്രസ്താവനയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യ ഒരു ‘നല്ല പങ്കാളി’ ആയതിനാലാണ് ഈ തീരുമാനമെന്ന് അമേരിക്ക പറഞ്ഞിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തി. ‘പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ (PM is compromised) എന്നെഴുതിയ ബാനറുകളുമായാണ് അവര്‍ എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നോയിഡ, ലഖ്നൗ, ഡല്‍ഹി, ഭുവനേശ്വര്‍, പുണെ തുടങ്ങിയ നഗരങ്ങളില്‍ എല്‍പിജി റീഫില്ലിംഗിനായി ജനങ്ങള്‍ വലിയ ക്യൂവിലാണ്.