crime

തെരഞ്ഞെടുപ്പ് റാലിക്കിടെ ജി. പരമേശ്വരക്ക് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്

By webdesk13

April 29, 2023

കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി അറിയിച്ചു.

ഇത് ആദ്യമായല്ല ജി. പരമേശ്വരക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കൊരട്ടഗരയിലെത്തിയപ്പോഴും ഇദ്ദേഹത്തിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ്‌റാലിയിലും പരമേശ്വരക്കെതിരെ ആക്രമണമുണ്ടായത്.

അതേസമയം പരമേശ്വരക്ക് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടകയില്‍ പരാജയം ഭയന്ന ബി.ജെ.പി കലാപം അഴിച്ചുവിടുകയാണെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കേണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളടക്കം നിരവധിയാളുകളാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുള്ളത്. സംസ്ഥാനത്ത് നടത്തിയ പ്രീ പോള്‍ സര്‍വെകളും ഇത്തവണ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പറയുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി അക്രമ രാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.