തിരുവനന്തപുരം: കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റുകള്‍ തങ്ങളുടെ ഔദാര്യമാണെന്ന നിലപാടിലുറച്ച് സിപിഎം. എകെജി സെന്ററില്‍ നിന്ന് വിതരണം ചെയ്ത ‘ക്യാപ്‌സൂളുകള്‍’ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വിതറിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്‍ കേരളം ഭരിക്കുന്ന രാജാവാണെന്നും അദ്ദേഹം ചെയ്യുന്നതെല്ലാം ജനങ്ങള്‍ക്കുള്ള ഔദാര്യമാണെന്നുമുള്ള നിലക്കാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രചാരണം.

കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പിണറായി വിജയനും സിപിഎം പ്രവര്‍ത്തകരും സ്വന്തം പണമെടുത്താണ് കിറ്റും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്തതെന്നാണ് സഖാക്കളുടെ ന്യായീകരണം കേട്ടാല്‍ തോന്നുക. ഇത് കൂടുതല്‍ വ്യക്തമാക്കി പറയുന്ന അഷ്‌കര്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എകെജി സെന്ററില്‍ നിന്നും ഡിഫിയുടെ യൂത്ത് സെന്ററില്‍ നിന്നും സഖാക്കള്‍ നല്‍കിയ പണം കൊണ്ടാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഉളുപ്പുണ്ടെങ്കില്‍ വാങ്ങരുത്. വാങ്ങിയാല്‍ നക്കിയിട്ട് മിണ്ടാതിരിക്കണം എന്നാണ് ഇയാള്‍ പറയുന്നത്.