പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ ഓഫിസിനുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. എകെജി-സുശീലാ ഗോപാലന്‍ ബന്ധത്തെക്കുറിച്ച് എം.എല്‍.എ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അക്രമം.

ആക്രമത്തില്‍ എംഎല്‍എ ഓഫിസിന്റെ ബോര്‍ഡ് അടിച്ചു തകര്‍ക്കുകയും കരിഓയില്‍ പ്രയോഗവും നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൃത്താലയില്‍ റോഡ് ഉപരോധിച്ചു. ഇതു രണ്ടാം തവണയാണ് എകെജിക്കെതിരായ പരാമര്‍ശത്തിനു ശേഷം എം.എല്‍.എയുടെ ഓഫീസിനുനേരെ അതിക്രമം ഉണ്ടാവുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ബല്‍റാമിന്റെ ഓഫിസിനു നേരെ അജ്ഞാതര്‍ മദ്യക്കുപ്പികളെറിയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

എകെജി-സുശീലാ ഗോപാലന്‍ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബല്‍റാം എംഎല്‍എ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബല്‍റാം കുറിച്ചു.

അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ബല്‍റാമിനെതിരെ ഉണ്ടാകുന്നത്. ബല്‍റാമിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കെ. മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും ബല്‍റാമിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തി.