കണ്ണൂര്‍: അന്തരിച്ച അഹമ്മദ് സാഹിബിന് നാടിന്റെ യാത്രാമൊഴി. ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 11മണിക്കാണ് ഖബറക്കം തീരുമാനിച്ചിരുന്നത്.

രാവിലെ മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ അങ്കണത്തിലും തുടര്‍ന്ന് സിറ്റിയിലെ ദീനുല്‍ ഇസ്ലാം സഭാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനത്തിനു വെച്ചിരുന്നു. ഇവിടേക്ക് പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയത്. മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വളണ്ടിയര്‍മാരും ഏറെ പ്രയാസപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. എത്തിയ മുഴുവന്‍ ആളുകള്‍ക്കും സാഹിബിനെ കാണാന്‍ അവസരം ഒരുക്കിയിരുന്നു. ഖബറടക്കം നടന്ന സിറ്റി ജുമുഅത്ത് പള്ളിയിലും വന്‍ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്.

കേരള സര്‍ക്കാരിനുവേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്ഥലത്തെത്തിയത്. വി.എം.സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും നേതാവിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍
പങ്കെടുത്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്ന് സര്‍വ്വകക്ഷി ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി,ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഇ അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.