kerala

ഇ.അഹമ്മദ് ഫൗണ്ടേഷന്‍ ഉദ്ഘാടനം നാളെ; പി.എം.എ.സലാം, കെ.മുരളീധരന്‍ എം.പി. പങ്കെടുക്കും

By Test User

December 02, 2022

കണ്ണൂര്‍: ആഗോള പ്രശസ്തനും നയതന്ത്രജ്ഞനും കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങളും മാനവിക ധാര്‍മ്മിക മൂല്യങ്ങളപ്രചരിപ്പിക്കുന്നതിന് വേണ്ടി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇ.അഹമ്മദ് ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (ശനി) വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കും. ഫൗണ്ടേഷന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം നിര്‍വഹിക്കും.

ഇ .അഹമ്മദ് ഒരു പുനര്‍വായന എന്ന പേരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററും ഇ. അഹമദ് സ്മരണികയുടെ എഡിറ്ററുമായ സി.പി സൈതലവി അനുസ്മരണ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി പ്രസംഗിക്കും. വിശ്വ പൗരന്റെ ദീപ്ത സ്മരണകള്‍ അക്ഷരങ്ങളിലൂടെ സമ്പന്നമാക്കിയ ഇ. അഹമ്മദ് സ്മരണിക ജില്ലയിലെ 100 വ്യക്തിത്വങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ കൈമാറും.

ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍, മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനകളുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും അഭ്യര്‍ത്ഥിച്ചു.