ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.