Culture

ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം

By chandrika

December 06, 2017

ന്യൂഡല്‍ഹി: ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.49 ഓടെയാണ് ഭൂചലനം ഉണ്ടയത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം.

ഡല്‍ഹിക്ക് പുറമെ റൂഖി, ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. താരതമ്യേന ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പലരും കെട്ടിടങ്ങളില്‍ നിന്നു പുറത്തേക്ക് ഇറങ്ങിയോടി. തുടര്‍ച്ചയായ പ്രകമ്പനങ്ങളാണുണ്ടായതെന്ന് നിരവധി പേര്‍ ട്വീറ്റു ചെയ്തു.