india

നേപ്പാളില്‍ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

By webdesk14

November 04, 2023

നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.

പലരും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.