health

ഉപ്പ് അധികം കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകാം: പുതിയ പഠനം

By webdesk18

November 19, 2025

പ്രമേഹത്തിന് പ്രധാന കാരണം പഞ്ചസാരയാണെന്ന ധാരണയുണ്ടെങ്കിലും, ഉപ്പ് കൂടുതലായി കഴിക്കുന്നത് വരെ പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. യു.എസ് നടത്തിയ ഗവേഷണത്തില്‍, സ്ഥിരമായി കൂടുതലായി ഉപ്പ് കഴിക്കുന്ന 13,000 പേര്‍ക്ക് ടൈപ്പ്2 പ്രമേഹം കണ്ടെത്തിയതോടെ, ഉപ്പ്-പ്രമേഹം ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്.

പഠനം പ്രകാരം, ഉപ്പ് ഭക്ഷണരുചി കൂട്ടുകയും, ആളുകളെ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനുമാണ് പ്രേരിപ്പിക്കുന്നത്. ഇത് ശരീരഭാരം വര്‍ധനം, പൊണ്ണത്തടി, പിന്നീട് ഇന്‍സുലിന്‍ പ്രതിരോധം എന്നിവയ്ക്കും കാരണമാകാം. പാചകസമയത്ത് സ്ഥിരമായി അധികമായി ഉപ്പ് ചേര്‍ക്കുന്നത് ടൈപ്പ്2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

യു.കെ പോലുള്ള രാജ്യങ്ങളില്‍ ഒരു ദിവസം ശരാശരി എട്ട് ഗ്രാം (ഏകദേശം രണ്ട് ടീസ്പൂണ്‍) ഉപ്പാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ മൂന്നു-പേരും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ (പാക്കറ്റ് ഭക്ഷണം, റെഡി മീല്‍സ്, ചിപ്‌സ്, സോസുകള്‍) വഴിയാണ് ലഭിക്കുന്നത്. യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രതിദിന ഉപ്പ് ഉപയോഗം ആറ് ഗ്രാമില്‍ താഴെ നിലനിര്‍ത്താന്‍ നിര്‍ദേശിക്കുന്നു.

അമിതമായ സോഡിയം ശരീരത്തിലെ ഇന്‍സുലിന്‍ ഉപയോഗശേഷിയെ ബാധിക്കുകയും, ഇതുവഴി പ്രമേഹത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. കൂടാതെ ഉയര്‍ന്ന ഉപ്പ് ഉപയോഗം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യതയും വര്‍ധിപ്പിക്കുന്നു. ഉപ്പ് കൂടുതലായി കഴിക്കുന്നവരില്‍ പഞ്ചസാര, കൊഴുപ്പ്, കലോറി കൂടുതലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുന്ന പ്രവണതയും കാണപ്പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹമുള്ളവരും പ്രമേഹ സാധ്യതയുള്ളവരും ഉപ്പ് കര്‍ശനമായി നിയന്ത്രിക്കണം.

ഒരു ദിവസം അഞ്ച് ഗ്രാമില്‍ താഴെ ഉപ്പാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ.

പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാറുകള്‍, സോസുകള്‍, റെഡി മീല്‍സ് എന്നിവയില്‍ ഉപ്പ് കൂടുതലായിരിക്കും കഴിവതും ഒഴിവാക്കുക.

വ്യക്തിഗത ആരോഗ്യസ്ഥിതി വ്യത്യസ്തമായതിനാല്‍, ഒരു ദിവസം എത്ര ഉപ്പ് കഴിക്കണം എന്നതിനെക്കുറിച്ച് ഡോക്ടറിന്റെയോ ഡയറ്റീഷ്യന്റെയോ പ്രത്യേക ഉപദേശം തേടുന്നത് ഉചിതമാണ്.