ആലുവ: ദിലീപിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സംവിധായകന്‍ എബ്രിഡ് ഷൈന്‍. ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ വീട്ടിലെത്തിയ സന്ദര്‍ശകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് എബ്രിഡ് പ്രകോപനവുമായി എത്തിയത്. ക്യാമറക്കുമുന്നിലേക്ക് എത്തിയ സംവിധായകനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.

പറവൂര്‍ കവലയിലെ വീട്ടില്‍ ദിലീപിനെ കാണാന്‍ സിനിമാരംഗത്തെ പ്രമുഖര്‍ എത്തിയപ്പോഴാണ് സംഭവം. കൂട്ടത്തില്‍ എബ്രിഡ് ഷൈനും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനിടെയാണ് ഷൈന്‍ തട്ടിക്കയറിയത്. താനും 12വര്‍ഷം ഈ പണി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍ കാറില്‍ നിന്നിറങ്ങുകയായിരുന്നു. തനിക്ക് സ്വകാര്യതയുണ്ടെന്നും തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു എബ്രിഡ് ഷൈന്റെ വാദം. എന്നാല്‍ റോഡിന് നടുവില്‍ വാഹനം ബ്ലോക്കാക്കി കിടക്കുന്നത് കൊണ്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി നല്‍കി. അതിനിടെ, ‘ഇതാ ഷൂട്ട് ചെയ്‌തോളൂ’ എന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍ ക്യാമറക്കുമുന്നില്‍ നിന്നതും മാധ്യമപ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിന് കാരണമായി. ’12വര്‍ഷം ഈ പണി ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നതിന്റെ കാരണം ചേട്ടനറിയുമല്ലോ’ എന്ന് ചോദിച്ചതോടെ എബ്രിഡ് ഷൈന്‍ തിരിച്ചു കാറില്‍ കയറുകയായിരുന്നു.

നടി കെ.പി.എ.സി ലളിത ദിലീപിനെ കാണുന്നതിനായി എത്തി. സന്തോഷം ഉള്ളതുകൊണ്ടാണല്ലോ ദിലീപിനെ കാണാനെത്തിയത് എന്നായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും, ഹരിശ്രീ അശോകന്‍ ഉള്‍പ്പെടെയുള്ള നടന്മാരും ദിലീപിനെ കാണുന്നതിനായി എത്തിയിരുന്നു.