കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിലവില്‍ നോര്‍ത്ത് മണ്ഡലം എംഎല്‍എയായ എ.പ്രദീപ്കുമാറിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് കലക്ടര്‍ക്ക് പരാതി. ഐക്യജനാധിപത്യ മുന്നണി കോഴിക്കോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി അഡ്വ. പിഎം നിയാസാണ് ജില്ലാ റിട്ടേണിങ് ഓഫീസറായ കലക്ടര്‍ സാംബശിവറാവുവിന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എ.പ്രദീപ്കുമാര്‍ വന്‍തോതിലുള്ള സാമ്പത്തിക ചെലവുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് മണ്ഡലത്തിലെങ്ങും ദൃശ്യമാണ്. വന്‍കിട കോര്‍പറേറ്റ് ഭീമന്മാരെ വെല്ലുന്ന ഹോര്‍ഡിങുകളാണ് പലേടത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ സാധാരണ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ മേഖലയില്‍ ഉപയോഗിച്ചുവരുന്നതില്‍ നിന്നു പരിധിവിട്ടതരത്തിലാണ്.
1157 ബൂത്തുകളിലായി നടത്തിവരുന്ന പരിധിയില്‍ കവിഞ്ഞ മറ്റു പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് പ്രവര്‍ത്തനങ്ങള്‍. നവസമ്പന്നരായ പ്രവാസി വ്യക്തിത്വങ്ങളുമായി എ.പ്രദീപ്കുമാറിന്റെ അവിശുദ്ധ ബന്ധങ്ങള്‍ മണ്ഡലത്തിലെങ്ങും നേരത്തെ അറിയപ്പെട്ടതാണ്. ഇത്തരം സഹായങ്ങള്‍ ഏതൊക്കെ വഴിയിലൂടെയാണ് വന്നുചേരുന്നതെന്നും അവ അന്വേഷിച്ചുകണ്ടെത്തണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പരിധിയില്‍ കവിഞ്ഞ് കള്ളപ്പണം വിനിയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇതിന് അറുതിവരുത്തണമെന്നും യുഡിഎഫ് ജില്ലാ റിട്ടേണിങ് ഓഫീസറോട് ആവശ്യപ്പെട്ടു.
വളരെ പരിമിതമായ സാമ്പത്തിക സാഹചര്യമാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലം എം.എല്‍.എ കൂടിയായ എ. പ്രദീപ്കുമാറിനും കുടുംബത്തിനും നാമനിര്‍ദ്ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത്. ആകെ കൂടിയുള്ളത് 20 ലക്ഷത്തിന്റെ സ്വത്ത്. പ്രദീപ് കുമാറിന്റെ കൈയിലുള്ളത് 4000 രൂപ മാത്രം. പ്രദീപ്കുമാറിന്റെ ഭാര്യയുടെ കൈയില്‍ രണ്ടായിരം രൂപയും മകളുടെ കൈയില്‍ ആയിരം രൂപയും. അമ്പതിനായിരം രൂപയാണ് പ്രതിമാസ വരുമാനം. ഭാര്യക്ക് 60400 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നു. സ്റ്റൈപന്റ് ഇനത്തില്‍ മകള്‍ക്ക് പതിനയ്യായിരം രൂപയും കിട്ടുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് ഇദ്ദേഹത്തിനെതിരെയുണ്ട്.